Wednesday, April 27, 2011

അബ്ദുല്‍ ബായിസ് എന്ന ആണ്‍കുട്ടി

അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ചും, ഹര്‍ത്താലുകളും പ്രകടനങ്ങളും ടേബിള്‍ ടോക്കുകളും കാമ്പയിനുകളും നടത്തിയും കാലമേറെ കളഞ്ഞവരാണ് നമ്മള്‍. എന്നിട്ടും ആ അര്‍ബുദം വളര്‍ന്നു കൊണ്ടേയിരുന്നു. അവസാനം അണ്ണാ ഹസാരെ എന്ന വയോവൃദ്ധന്‍റെ ഗാന്ധിയന്‍ സമരമുറകള്‍ തന്നെ വേണ്ടിവന്നു; അധികാരി വര്‍ഗ്ഗത്തിന്‍റെ കണ്ണൊന്നു തുറപ്പിക്കാന്‍!!!

അണ്ണാ ഹസാരെയെപ്പോലെ, ഭരണകൂട നിഷ്ക്രിയത്വത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയനാവുകയാണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ പി. അബ്ദുല്‍ ബായിസ് എന്ന കോളേജ് വിദ്യാര്‍ഥി. രാഷ്ട്രീയ നേതാക്കളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ഒരു ദിവസത്തെ പ്രതീകാത്മക നിരാഹാര സമരെത്തെക്കാളും ഞാന്‍ വിലമതിക്കുന്നത് അബ്ദുല്‍ ബായിസിന്‍റെ  ഇച്ചാശക്തിയെയാണ്. അബ്ദുല്‍ ബായിസ്, ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ തോന്നാത്ത, അഥവാ കഴിയാത്ത ഒന്നാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്... അഭിവാദ്യങ്ങള്‍.....

മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍  നിരോധിക്കണമെന്നാവശ്യപ്പെട്ടു രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധസമരങ്ങള്‍ക്കിടയില്‍, കാസര്‍കോട്ടെ ദുരിത ബാധിതര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് കഴിഞ്ഞ ഞായറാഴ്ച (ഏപ്രില്‍ 24 ന്) ബായിസ് സമരം തുടങ്ങിയത്. സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ അവസാനിക്കുന്ന ഏപ്രില്‍ 29 വരെ സമരം തുടരാനായിരുന്നു പരിപാടി.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ബായിസിനെ പോലീസ് ചൊവ്വാഴ്ച ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയും ബായിസ് നിരാഹാരം തുടര്‍ന്നു. വിവിധ രംഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് ഈ 'ജൂനിയര്‍ ഹസാരെ'ക്ക് പിന്തുണയുമായി മലപ്പുറം കളക്ട്രേറ്റിനു മുന്നിലുള്ള സമരപന്തലിലെത്തിയത്. ബുധനാഴ്ച മുതല്‍ ബായിസിന്‍റെ ആരോഗ്യസ്ഥിതി വഷളായാതിനെത്തുടര്‍ന്നു നിരാഹാര സമരം സുഹൃത്തുക്കളായ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

കല്‍പ്പറ്റ ഗവ. കോളേജില്‍ ഒന്നാം വര്‍ഷ മാസ് കമ്മ്യൂണിക്കേഷന്‍   ബിരുദവിദ്യാര്‍ഥിയായ ബായിസ് വാര്‍ത്തയില്‍ ഇടം പിടിക്കുന്നത് ഇതാദ്യമായല്ല. പ്ലസ്‌ടുവിന് പഠിക്കുമ്പോള്‍ സ്വന്തമായി 'സത്യപഥം' എന്ന ഒരു പത്രം പ്രസിദ്ധീകരിച്ചു കൊണ്ടാണ് ഈ കുട്ടിപത്രാധിപര്‍ അന്ന് 'ആക്ടിവിസം' തുടങ്ങിയത്.

2009 നവംബറില്‍ മലപ്പുറം പ്രസ്‌ ക്ലബ്ബില്‍ വെച്ചു പുറത്തിറക്കിയ ആ പത്രത്തിന് അധികം ആയുസ്സുണ്ടാവുമെന്നാരും കരുതിയിരുന്നില്ല... പ്രാദേശിക വാര്‍ത്തകളും സംഭവ വികാസങ്ങളും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള സത്യപഥം ഇതു വരെ 18 ലക്കങ്ങള്‍ ഇറക്കാനും ബായിസിനു കഴിഞ്ഞു.

ബായിസ് ഒരു പ്രതീകമാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാത്ത, മുട്ടാപ്പോക്ക് കാരണങ്ങള്‍ പറഞ്ഞ്, എന്തിലും ഏതിലും രാഷ്ട്രീയം കാണുന്ന അല്ലെങ്കില്‍ കലര്‍ത്തുന്ന, നട്ടെല്ലില്ലാത്ത രാഷ്ട്രീയ ഷണ്ഡത്വത്തിനെതിരായ സമാധാനപരമായ ഒരു പ്രതിഷേധത്തിന്‍റെ  പ്രതീകം....
 

blogger templates | Make Money Online