Thursday, November 11, 2010

മിസ്റ്റര്‍ യെച്ചൂരി, താങ്കള്‍ തന്നെയാണ് താരം!!!

ഭീകരതയെ വെല്ലുവിളിച്ച് താജില്‍ താമസം, പൊണ്ടാട്ടിക്കൊപ്പം ചേരി പിള്ളാരുമായി പാട്ട്, ഡാന്‍സ് പിന്നെ സാറ്റ് കളി... എന്തൊക്കെയായിരുന്നു സര്‍ക്കസുകള്‍! ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിനെക്കണ്ട നിര്‍വൃതിയില്‍, കുതിര പ്പടയെയും ഒട്ടകപ്പടയെയും കണ്ട് വാപൊളിച്ച്, നാനോ കണ്ട് സംപ്രീതനായി, പിന്നെ പ്രസംഗിച്ച് ആളെക്കുപ്പിയിലാക്കി, ഇന്ത്യയെ പൊക്കിയടിച്ച്, കോടിക്കണക്കിനു രൂപയുടെ കച്ചവടക്കരാറും സ്വന്തമാക്കി അങ്ങേരങ്ങു പറന്നു, അടുത്ത സ്വീകരണ സ്ഥലമായ ജക്കാര്‍ത്തയിലേക്ക്!!!


പ്രസംഗിച്ച് പ്രസംഗിച്ച് വൈറ്റ് ഹൌസില്‍ എത്തിയ ആളാണ്‌ മിസ്റ്റര്‍ ബാരക് ഹുസൈന്‍ ഒബാമ. വാക്കുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഒരു ഒന്നാം നമ്പര്‍ വാഗ്മി, തന്‍റെ വാക്ചാതുര്യം കൊണ്ട് ഇന്ത്യയും കുളിപ്പിച്ച് കിടത്തി എന്ന് ചുരുക്കം.


നമ്മുടെയൊക്കെ വീട്ടില്‍ ഇന്‍സ്റ്റോള്‍മെന്‍റിന്‌ സാധനങ്ങള്‍ വില്‍ക്കാന്‍ വരുന്ന കച്ചവടക്കാരനും ഇതു തന്നെയാണ് ചെയ്തിരുന്നത്. വീട്ടുകാരെ പൊക്കിയടിച്ച്, വീടിന്‍റെ വലിപ്പത്തിലും എടുപ്പിലും സൌകര്യങ്ങളിലും അത്ഭുതം കൂറി, കൊച്ചുകുട്ടികളുടെ താടി പിടിച്ചു കൊഞ്ചിച്ച്, പിന്നെ അമ്മയെ ചൂണ്ടി ആരാ ചേട്ടത്തിയാണോ എന്നൊരു നമ്പരുമിട്ടാല്‍ പിന്നെ അവിടെ എന്തും വില്‍ക്കാം!!!


ഒരു ഡോര്‍ ടു ഡോര്‍ സെയില്‍സ്മാനെ വെല്ലുന്ന പ്രകടനമാണ് ഒബാമ ഇവിടെ കാഴ്ചവെച്ചത്. നമുക്കാവശ്യമുള്ളതും ഇല്ലാത്തതും നമ്മെക്കൊണ്ട് വാങ്ങിപ്പിച്ചു. ഇന്ത്യ യു. എസ്. വാണിജ്യബന്ധം ശക്തിപ്പെടുത്താന്‍ 4400 കോടി രൂപയുടെ വ്യാപാരക്കരാര്‍ ആണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇതു മൂലം അമേരിക്കയില്‍ അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ട്ടി ക്കാനാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒബാമയുടെ ഇന്ത്യന്‍ പര്യടനം അമേരിക്കന്‍ സമ്പത്ത്‌ വ്യവസ്ഥ ഉറ്റു നോക്കിക്കൊണ്ടിരുന്നതും ഇത്തരത്തിലുള്ള നടപടികള്‍ക്കായിരുന്നു. അതല്ലാതെ, കോടികള്‍ മുടക്കി തങ്ങളുടെ പ്രസിഡണ്ടിനെ അവര്‍ ഇന്ത്യയിലെക്കയച്ചത് ചുമ്മാ പാട്ടും പാടി, കുട്ടിയും കോലും കളിക്കാനായിരുന്നില്ല എന്നുറപ്പാണ്.


വന്ന സ്ഥിതിക്ക് ഇന്ത്യക്ക് ചില പ്രതീക്ഷകള്‍ നല്‍കാനും അണ്ണന്‍ മറന്നില്ല. ഔട്ട്‌ സോഴ്സിംഗ് ഇന്‍ഡസ്ട്രിക്ക് ആപ്പടിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ടെങ്കിലും യു. എന്നില്‍ സ്ഥിരാംഗത്വം ലഭിക്കാന്‍ സഹായിക്കാമെന്നു ഏറ്റിട്ടുണ്ട്, ചില നിബന്ധനകളോടെയാണെങ്കിലും.  പിന്നെ പാക്കിസ്ഥാനെപറ്റി ചിലത് പറയാതെ പറഞ്ഞും, ഇലക്കും മുള്ളിനും കേടില്ലാതെ മിസ്റ്റര്‍ സ്കൂട്ടായി...


പക്ഷെ മിസ്റ്റര്‍ പ്രസിഡന്‍റ്‌, നിങ്ങള്‍ ഞങ്ങളെ നിരാശപ്പെടുത്തി. പശ്ചിമേഷ്യയില്‍ സമാധാനം പുലരുന്നത് സ്വപ്നം കണ്ടിരുന്നവരാണ് ഞങ്ങള്‍. നിങ്ങളുടെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി നിങ്ങളില്‍ ഞങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. ഒന്നരവര്‍ഷം മുമ്പ്, വൈറ്റ് ഹൌസിന്‍റെ സാരഥ്യം ഏറ്റെടുത്തയുടനെ അങ്ങ് ഇസ്രയേല്‍ - പലസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ മുന്‍ സെനറ്റര്‍ ജോര്‍ജ് മിച്ചലിനെ പ്രത്യേക ദൂതനായി നിയമിച്ചപ്പോള്‍ താങ്കളുടെ
ഇച്ഛാശക്തിയെ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.


പക്ഷെ, മൂന്നു ദിവസത്തെ താങ്കളുടെ സംഭവബഹുലമായ ഇന്ത്യാ സന്ദര്‍ശന ത്തില്‍ താങ്കള്‍ പലസതീനെപറ്റി ഒരു വാക്കുപോലും മിണ്ടാതിരുന്നത് ക്രൂരമായിപ്പോയി.


പ്രശ്നം കുറച്ച് സങ്കീര്‍ണ്ണമാണെന്നത് ഞങ്ങള്‍ക്കറിയാം. ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒറ്റക്ക് പരിഹാരം കാണാന്‍ അമേരിക്കക്ക് സാധിക്കില്ലെന്ന് താങ്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ. 2009 ലെ യു. എന്‍. പൊതുസഭയില്‍ താങ്കള്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ ഓര്‍ക്കുക. ഇറാന്‍, വടക്കന്‍ കൊറിയ ആണവ പ്രശ്നങ്ങള്‍, അഫ്ഘാന്‍ യുദ്ധം, പലസ്തീന്‍ പ്രശ്നം തുടങ്ങിയവ യെല്ലാം പരിഹരിക്കുന്നത് യു. എസിന്‍റെ മാത്രം ഉത്തരവാദിത്വമല്ലെന്നാണ് അന്ന് നിങ്ങള്‍ പറഞ്ഞത്.


അങ്ങിനെയെങ്കില്‍ താങ്കളുടെ സന്ദര്‍ശനവേളയില്‍ അതിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ എന്തുകൊണ്ട് നിങ്ങള്‍ ശ്രമിച്ചില്ല? പ്രസംഗങ്ങളില്‍ പോലും താങ്കള്‍ എന്തുകൊണ്ട് അതെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല? ആങ്ങ് സാന്‍ സൂക്കിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട താങ്കള്‍ പലസ്തീനിലെയും ഇറാഖിലെയും ജനങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മൌനം പാലിച്ചതെന്ത്?  ഇവിടെവച്ച് പലസ്തീനെപ്പറ്റി അങ്ങയെ ഓര്‍മിപ്പിക്കാന്‍ ഒരു യെച്ചൂരി വേണ്ടിവന്നെങ്കില്‍, ഇവിടുന്നു പറന്നു ജക്കാര്‍ത്തയില്‍ വിമാനമിറങ്ങിയ ഉടനെ അങ്ങ് പശ്ചിമേഷ്യന്‍ സമാധാനത്തെ ക്കുറിച്ച് വാചാലനാവുകയും ചെയ്തു!


ഇടതുപക്ഷ എം. പി മാര്‍ ഒബാമയുടെ പാര്‍ലമെന്‍റ് പ്രസംഗത്തിനു ഹാജരായത് ചിലരുടെ ശെരിയും മറ്റു ചിലരുടെ തെറ്റുമായിരിക്കാം... പക്ഷെ മിസ്റ്റര്‍ യെച്ചൂരി, താങ്കളാണ്, താങ്കള്‍ തന്നെയാണ് താരം. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറക്കാതെ, പലസ്തീന്‍ജനതയെ കുറിച്ചു നമ്മുടെ നാടിന്‍റെ, ജനങ്ങളുടെ ആശങ്ക പങ്കുവെക്കാന്‍ ധൈര്യം കാണിച്ചുവല്ലോ... ഹാറ്റ്സ് ഓഫ്‌ ടു യു.....

Wednesday, November 3, 2010

വേണ്ടത് ജനകീയ മുന്നണിയല്ല, ജനകീയ സ്ഥാനാര്‍ഥി!

ഹരിച്ചിട്ടും ഗുണിച്ചിട്ടും ഉത്തരം ഒന്നു തന്നെയാണെങ്കിലും ഒന്നുകൂടെ ഗുണിച്ചും ഹരിച്ചും നോക്കുന്നതല്ലേ നല്ലത്?? ഇതൊരു സിനിമാ ഡയലോഗ് ആണെങ്കിലും ഇന്ന് ജമാഅത്ത് പ്രസ്ഥാനം ഈ ഡയലോഗിനു പുറകെയാണ്... പുതിയ വികസന അജണ്ടകളുമായി രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ ജനപക്ഷ മുന്നണിയെ ജനം തിരസ്കരിച്ചെ ങ്കില്‍ അതിന്‍റെ കാരണം അന്വേഷിക്കാതെ കണക്കുകള്‍ നിരത്തി തങ്ങള്‍ ശക്തരാണ് എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ജമാഅത്തെ ഇസ്ലാമി.

ജനം തിരസ്കരിച്ചു എന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും ഇനി ആരെ ബോധ്യപ്പെടുത്താനാണീ കണക്കുകള്‍? 'ഇടതു - വലതു മുന്നണികളുടെയും മതസംഘടനകളുടെയും സംഘടിത നീക്കങ്ങളെ അതിജീവിച്ച് രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ ജനകീയ മുന്നണികള്‍ക്ക് ചെറുകക്ഷികളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാനായി' എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. നില മെച്ചപ്പെടുത്തി, ശതമാനം കൂടി, കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ മെച്ചം തുടങ്ങി, വോട്ടെണ്ണലിനു ശേഷം രാഷ്ട്രീയകക്ഷികള്‍ ആവര്‍ത്തിക്കുന്ന സ്ഥിരം പല്ലവികളാണിവ.

ഇന്നത്തെ മാധ്യമം റിപ്പോര്‍ട്ടനുസരിച്ച് പെരിന്തല്‍മണ്ണ നഗരസഭയില്‍ മുന്നണി നേടിയ 52 വോട്ട് സി. പി. എം കോട്ട പിടിച്ചെടുക്കാന്‍ യു. ഡി. എഫിനെ സഹായിച്ചത്രെ? 40 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ലീഗ് സ്വതന്ത്ര വിജയിച്ച വാര്‍ഡില്‍ മുന്നണിയില്ലായിരുന്നെങ്കില്‍ നഗരസഭാ ഭരണം ഇടത് നില നിര്‍ത്തുമായിരുന്നെന്നുവത്രെ! അങ്ങിനെയാണെങ്കില്‍ മുന്നണിയുടെ രംഗപ്രവേശം ആര്‍ക്കാണ് ഗുണം ചെയ്തത്? വര്‍ഷങ്ങളായി യു. ഡി. എഫിനെതിരായി പ്രവര്‍ത്തകരെക്കൊണ്ട് വോട്ടു ചെയ്യിപ്പിച്ച പ്രസ്ഥാനം ഇപ്പൊ അവരെ സഹായിക്കുന്നു. വിവിധ വാര്‍ഡുകളിലെ  മുന്നണി സ്ഥാനാര്‍ഥികള്‍ ജയപരാജയങ്ങള്‍ തീരുമാനിച്ചെന്നവകാശപ്പെടുമ്പോള്‍ തന്നെ ആ വാര്‍ഡുകളില്‍ വര്‍ഗീയ ശക്തികള്‍ ജയിച്ചുകയറുമ്പോള്‍ തോല്‍ക്കുന്നത് മതേതരവിശ്വാസികളാണ്.

അമിതമായ വിജയപ്രതീക്ഷയില്‍ നിന്നുണ്ടായ ഇച്ചാഭംഗം; അതിനു മറയിടാന്‍ ഇത്തരം കണക്കിലെ കളികളുടെ ആവശ്യമില്ല. അല്ലാതെ തന്നെ ഞങ്ങള്‍ വോട്ടര്‍മാര്‍ക്ക് മനസ്സിലാകും. മതരാഷ്ട്രത്തിന്റെ പേര് പറഞ്ഞു ഇന്ത്യയിലെ മതേതര ജനാതിപത്യരീതികളെ അങ്ങേയറ്റം എതിര്‍ക്കുകയും തിരഞ്ഞെടു പ്പുകളില്‍ വളരെ വിചിത്രമായ വോട്ടിംഗ് രീതികള്‍ പിന്തുടരുകയും ചെയ്തിരുന്ന ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയപ്രവേശം നടത്തിയപ്പോള്‍ മുഖ്യധാര പാര്‍ട്ടികള്‍ അവര്‍ക്കെതിരെ രംഗത്തെത്തിയത് സ്വാഭാവികം. എന്നാല്‍ മുന്നണി മുന്നോട്ട് വെച്ച ആശയങ്ങളും അജണ്ടകളും ചിലരെയെങ്കിലും സ്വാധീനിച്ചിരുന്നു. പക്ഷെ സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ സമ്മതിദായകരെ  മനസ്സിലാക്കുന്നിടത്ത് വരെ ഗുരുതരമായ പിഴവ് സംഭവിച്ചു.

അഞ്ഞൂറിലധികം വാര്‍ഡുകളില്‍ മത്സരിച്ച മുന്നണി ജയിച്ചത് വെറും ഒന്‍പതു സീറ്റില്‍. പിന്നെയുള്ളത് ഓരോ വാര്‍ഡിലും നേടിയ വോട്ടുകളുടെ കണക്കുകള്‍... അധികവും രണ്ടക്ക സംഖ്യകള്!!! ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ, പ്രതേകിച്ചൊരു ആദര്‍ശവുമില്ലാതെ തമാശക്ക് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി കള്‍ക്ക് പോലും ലഭിച്ചിട്ടുണ്ട് മുപ്പതും നാല്പതും വോട്ടുകള്‍!

കിട്ടിയ വോട്ടിന്‍റെ എണ്ണം തന്നെയാണ് പ്രശനം. 15 വാര്‍ഡില്‍ മത്സരിച്ച മുന്നണിക്ക്‌ ഞങ്ങളുടെ വാര്‍ഡില്‍ ലഭിച്ചത് പത്തും പതിനഞ്ചും  വോട്ടുകള്‍. മുന്നണിയുടെ കണക്കു കൂട്ടലുകള്‍ പിഴച്ചു. ഇരുപതില്‍ താഴെ പ്രസ്ഥാന വോട്ടുകള്‍ മാത്രമുള്ള ഒരു വാര്‍ഡില്‍നിന്നും അവര്‍ മറിയുമെന്നു വിജാരിക്കുന്നത് ഇരുന്നൂറും മുന്നൂറും വോട്ടുകളാണ്. ഇടതു വലതു മുന്നണികള്‍ പോലും പ്രതീക്ഷിക്കാന്‍ ധൈര്യം കാണിക്കാത്ത എണ്ണം!!!

(മുന്നണി സ്ഥാനാര്‍ഥിയായി മത്സര രംഗത്തുണ്ടായിരുന്നു ഒരാളുടെ ബ്ലോഗ്‌ പോസ്റ്റ്‌ മെയില്‍ വഴി കിട്ടിയത് തിരഞ്ഞെടുപ്പിന്‍റെ തലേ ദിവസമായിരുന്നു. ഒടുക്കത്തെ ആത്മ വിശ്വാസം നിറഞ്ഞ ഒരു പോസ്റ്റ്‌. വിവേകമില്ലാത്ത, വിവരമില്ലാത്ത അടിമകളാണ് വോട്ടര്‍മാര്‍ എന്ന് ദ്യോതിപ്പിക്കുന്ന തലക്കെട്ടും.  നൂറു ശതമാനമില്ലെങ്കിലും തൊണ്ണൂറു ശതമാനവും ഉറപ്പുണ്ടായിരുന്നത്രേ ജയിക്കുമെന്ന്. എന്നിട്ടോ??? 'നിസ്സഹായരും അടിമകളുമായ വോട്ടര്‍മാര്‍' ചതിച്ചു!!! ഫലം വന്ന ഉടനെ വന്നു അടുത്ത പോസ്റ്റ്‌. തോറ്റത് നന്നായി, കൂടുതല്‍ സ്വതന്ത്രയായി എന്ന രീതിയില്‍. തോല്‍വി എന്തുകൊണ്ട് സംഭവിച്ചു എന്ന്‍ പരിശോധിക്കുന്നതിനു പകരം ജയിച്ചവരെ കളിയാക്കുന്നു. തങ്ങള്‍ മാത്രം ബോധവും വിവരവുമുള്ളവര്‍ എന്ന ചിന്ത അഹങ്കാരമാല്ലാതെ മറ്റെന്താണ്? "മുജാഹിദുകള്‍ പലതും പറയുന്നുണ്ട്. അവര്‍ യഥാര്‍ത്ഥ വിശ്വാസികളാണ് എങ്കില്‍, മൂല്യങ്ങള്‍ക്ക് സ്ഥാനം കൊടുക്കാനുള്ള ജമാഹത്തിന്‍റെ ഈ ശ്രമത്തെ അംഗീകരിച്ചേനെ..." ഈ വാക്കുകള്‍ എന്നെ ആകര്‍ഷിച്ചു. ഞാന്‍ ഒരു മുജാഹിദ് അല്ല... എന്നാലും പറയാം... ഞാനും മൂല്യത്തിനു വില കല്‍പ്പിക്കുന്നു. പക്ഷെ ജമാഅത്തിന്‍റെ മൂല്യമാപിനിയുടെ ഗുട്ടന്‍സ് ആണെനിക്ക് മനസ്സിലാകാത്തത്. 'തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം' എന്ന എ. ആറിന്‍റെ ലേഖനം ശ്രദ്ധിക്കുക. "....മങ്കടയില്‍ വീശിയടിച്ച മഞ്ഞളാംകുഴി അലി തരംഗത്തില്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളാകെ അട്ടിമറിഞ്ഞത് എല്ലാ മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി. പക്ഷേ  എന്താണീ അലി ഇഫക്ട്? സിനിമാനിര്‍മാതാവും വ്യവസായിയും ബിസിനസുകാരനുമായ അലി ഇടതുമുന്നണിയിലായിരുന്നപ്പോഴും മുന്നണിവിട്ട് വലതുമുന്നണിയുടെ സഹയാത്രികനായപ്പോഴും അദ്ദേഹം ജനങ്ങളെ സ്വാധീനിച്ച വിധം എങ്ങനെയെന്ന് ആരും പരിശോധിച്ചുകണ്ടില്ല. അതുപോലെ എല്ലാ ജില്ലകളിലെയും പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലും ചേരിപ്രദേശങ്ങളിലും പോളിങ്ങിന്റെ തലേ രാത്രി നടന്ന 'ജലസേചന' ഓപറേഷന്റെ കഥകള്‍ മാധ്യമങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടില്ല...."  പക്ഷെ എന്നിട്ടും മങ്കടയില്‍ അലിക്കല്ലേ ജമാഅത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ മൂല്യം കണ്ടെത്തിയത്? അന്ന് ഇതിനെപ്പറ്റിയൊന്നും അറിയില്ലായിരുന്നോ അതോ സൌകര്യപൂര്‍വ്വം മറന്നോ??)

എതിര്‍ സ്ഥാനാര്‍ഥികളുടെ വീഴ്ചകളും കുറ്റങ്ങളും വോട്ടായി മുന്നണിയുടെ പെട്ടിയില്‍ വീഴുമെന്നു വെറുതെ മോഹിച്ചു.  വ്യതിഹത്യ നടത്താന്‍ സാധിക്കാത്തത്ര നല്ല വ്യക്തികളെയാണ് വികസന സമിതിക്കാര്‍ സ്ഥാനാര്‍ഥി കളാക്കിയത് എന്നത് ശെരിയായിരിക്കാം. പക്ഷെ വിരലിലെണ്ണാവുന്ന സ്ഥലങ്ങളിലൊഴിച്ചു, അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥികളുടെ ജനപിന്തുണ എത്രതോളമുണ്ടെന്നു ഒരിക്കല്‍ പോലും അന്വേഷിച്ചില്ല...  പ്രസ്ഥാനക്കാര്‍ മാത്രമായിരുന്നില്ല അത് തീരുമാനിക്കേണ്ടത്... സധാരണക്കാരായ നിഷ്പക്ഷ്മതികളോട് അന്വേഷിക്കാമായിരുന്നു... ജോലി, കുടുംബം, പിന്നെ പ്രസ്ഥാനം ഇത് മാത്രമായി നടക്കുന്ന, ജനകീയ പ്രശ്നങ്ങളില്‍ ഒരിക്കല്‍ പോലും ഇടപെടാതിരുന്ന, അയല്‍ക്കാരുമായിപോലും വലിയ അടുപ്പമില്ലാത്ത ഒരാള്‍ക്ക് എങ്ങിനെ ഒരു വാര്‍ഡിനെ പ്രധിനിധീകരിക്കാനാവും.. അവരെ തിരസ്ക്കരിച്ച വോട്ടറെ എങ്ങിനെ കുറ്റപ്പെടുത്തും?

ഉദാഹരണത്തിന് എന്‍റെ വാര്‍ഡ്‌... ലീഗുകാര്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലം (അല്ലെങ്കില്‍ അവര്‍ അങ്ങിനെ അവകാശപ്പെടുന്നു. മുസ്ലിം ഭൂരിപക്ഷ വാര്‍ഡ്‌ എന്ന് മറുവിഭാഗവും പറയുന്നു). കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ലീഗുകാര്‍ നിസ്സഹകരിച്ചു. ഇടതുസ്വതന്ത്രന് വോട്ടു ചെയ്യാനും പല ലീഗുകാര്‍ക്കും വിഷമമുണ്ടായിരുന്നു. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയെ എതിര്‍ക്കുന്നതിനു ലീഗുകാര്‍ കാരണമായി പറഞ്ഞത് അയാളുടെ സ്വഭാവദൂഷ്യമായിരുന്നു... ആകെ ധര്‍മസങ്കടത്തിലായ ലീഗുകാര്‍ വികസന മുന്നണി സ്ഥാനാര്‍ഥി ഒരു ജനകീയനായിരുന്നെങ്കില്‍ എന്ന് വല്ലാതെ ആശിച്ച ഒരു സന്ദര്‍ഭമായിരുന്നു അത്. പാര്‍ട്ടിയും ആദര്‍ശവും ഒന്നും നോക്കാതെ അവര്‍ മുന്നണിക്ക്‌ വോട്ടു ചെയ്യുമായിരുന്നു, ഒരിക്കല്‍ പോലും തിരഞ്ഞെടുപ്പില്‍ ജമാഅത്തുകാര്‍ യു. ഡി. എഫ്.  സ്ഥാനാര്‍ഥികള്‍ക്ക് 'മൂല്ല്യം' കല്പിച്ചി രുന്നില്ലെങ്കിലും!.

അഴിമതിയില്ലാത്ത, നല്ല വ്യക്തിത്വങ്ങളാണ് പഞ്ചായത്ത് ഭരണം കയ്യാളേണ്ടത് എന്നതില്‍ തര്‍ക്കമില്ല. ഓര്‍ക്കുക, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയത്തെക്കാള്‍ സാധാരണ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് സ്ഥാനാര്‍ഥിയുടെ വ്യക്തിബന്ധങ്ങളായിരിക്കും. ജനങ്ങളുമായി അടുത്തിടപഴകുന്ന, വോട്ടര്‍മാര്‍ക്കറിയുന്ന, വോട്ടറെയറിയുന്ന സ്ഥാനാര്‍ഥികള്‍ക്കായിരിക്കും അവിടെ മുന്‍‌തൂക്കം. റിലീഫ് പ്രവര്‍ത്തനങ്ങളോ പലിശരഹിത വായ്പാ പദ്ധതികളോ വോട്ടായി മാറുമെന്നു കരുതരുത്.
 

blogger templates | Make Money Online