Thursday, October 28, 2010

ആ ഒരു വോട്ട് ആരുടേത്?

തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ - 2

നാട്ടിലെ പൌര പ്രമുഖനായിരുന്നു ജബ്ബാര്‍ഹാജി. പേരെടുത്ത തറവാട്, ഇഷ്ടം പോലെ കാശ്... ആരെയും കൂസാത്ത പ്രകൃതം, ആറടി രണ്ടിഞ്ചു  ഉയരവും നൂറ്റിനാല്പതു കിലോ തൂക്കവുമുള്ള ഒരു ആജാനബാഹു. അയാളൊന്നു നോക്കിയാല്‍ തന്നെ ഞങ്ങള്‍ കുട്ടികളൊക്കെ പേടിച്ചു മൂത്രമൊഴിക്കുമാ യിരുന്നു. എപ്പോഴും നാലോ അഞ്ചോ ശിങ്കിടികളുമായി മാത്രം നടക്കുമായി രുന്നുള്ള ഹാജിയാരെ നാടുകാര്‍ക്കെല്ലാം ഒരു പേടി കലര്‍ന്ന ബഹുമാന മായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഹാജിയാരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്നു കാര്യസ്ഥന്മാര്‍ക്കൊരു പൂതി. ഹാജിയാര്‍ പഞ്ചായത്തിലെത്തിയാല്‍ തങ്ങള്‍ക്കും കുറെ ലാഭമുണ്ടാകുമെന്നവര്‍ കണക്കുകൂട്ടി. ജോതിഷത്തില്‍ വല്യ വിശ്വാസമില്ലത്തതിനാല്‍, ശനിയുടെ വിഘ്നവും വ്യാഴത്തിന്‍റെ ശല്യവുമൊന്നും കാര്യമാക്കാതെ ഹാജിയാരും ഗോദയിലെക്കിറങ്ങി.

മുന്നണികളൊന്നും വാഗ്ദാനവുമായി സമീപിക്കാത്തതിനാല്‍ ഹാജിയാര്‍ സ്വതന്ത്രനായിത്തന്നെ മത്സരിക്കാന്‍ തീരുമാനിച്ചു. "നമ്മുടെ പ്രിയങ്കരനായ സ്ഥാനാര്‍ഥി ജബ്ബാര്‍ ഹാജിക്ക് "ചെണ്ട" അടയാളത്തില്‍ വോട്ടുകള്‍ ചെയ്തു വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....." പ്രചരണം ജോറായി നടന്നു.
വര്‍ഷങ്ങളായി ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്ന വാര്‍ഡില്‍ പുഷ്പംപോലെ ജയിക്കുമെന്നായിരുന്നു ശിങ്കിടികള്‍ പ്രചരിപ്പിച്ചിരുന്നത്. ഹാജിയാരും അത് വിശ്വസിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞതോടെ ഹാജിയാര്‍ക്ക് സംഗതി കത്തിത്തുടങ്ങി. തമ്പ്രാ എന്ന് വിളിച്ചു തന്‍റെ മുന്നില്‍ ഒച്ചാനിച്ചു നിന്നിരുന്നവനൊക്കെ തന്‍റെ കണ്മുന്‍പില്‍ എതിര്‍സ്ഥാനാര്‍ഥിയുടെ പോസ്റ്ററൊട്ടിക്കുന്നത് കണ്ടപ്പോള്‍ ഹാജിയാര്‍ക്ക് നിയന്ത്രിക്കാനായില്ല. എന്തിനധികം, സജീവ ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്ന മകന്‍ പോലും ഹാജിയാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല.

കാശ് ചെലവാക്കിയാണെങ്കിലും ജയിക്കണമെന്ന വാശിയായി ഹാജിയാര്‍ക്ക്. സ്വത്തിന്‍റെ കാര്യം പറഞ്ഞു ഭീഷണിപ്പെടുത്തി മകനെ ഒപ്പം കൂട്ടി. വോട്ടു ചോദിക്കാന്‍ വീടുകള്‍ കയറിയിറങ്ങുമ്പോള്‍ ഓരോരുത്തര്‍ക്കും കൈമടക്കു കൊടുത്തു വോട്ടുകള്‍ ഉറപ്പാക്കി.

ഹാജിയാരുടെ ക്വാറിയില്‍ പണിയെടുക്കുന്ന തമിഴ്നാട്ടില്‍ നിന്നുള്ള അന്‍പ തോളം വോട്ടര്‍മാരുണ്ടായിരുന്നു ആ വാര്‍ഡില്‍. ഹാജിയാരുടെ വക ലോഡ്ജില്‍ താമസിക്കുന്ന അവരെ രംഗത്തിറക്കാന്‍ തന്നെ ഹാജിയാര്‍ തീരുമാനിച്ചു. ഏതൊക്കെ വോട്ടുകള്‍ മറിഞ്ഞാലും അവര്‍ ഒരിക്കലും ഹാജിയാരെ കൈവിടുമായിരുന്നില്ല. പോസ്റ്റ്ഓഫീസില്‍ അമ്പതു രൂപ കൊടുത്തു അക്കൗണ്ട്‌ തുടങ്ങി ഹാജിയാര്‍ തന്നെ അവര്‍ക്കൊക്കെ തിരിച്ചറിയല്‍ രേഖ ഉണ്ടാക്കി. എതിര്‍ സ്ഥാനാര്‍ഥികള്‍ സ്വാധീനിക്കാതിരിക്കാന്‍ ദിവസങ്ങളോളം അവരെ പുറംലോകം കാണിച്ചില്ല. ആവശ്യമുള്ള ഭക്ഷണവും മറ്റും അവിടെത്തിക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്തു.

തിരഞ്ഞെടുപ്പ് ദിവസം വന്നെത്തി. തലേന്നത്തെ 'വോട്ടുരാവില്‍' ലക്ഷങ്ങളാണ് ഹാജിയാര്‍ ഒഴുക്കിയത്. ബൂത്ത്‌ ഏജന്റ് ആയി മകനെത്തന്നെ നിയമിച്ചു. എല്ലാം ഭദ്രമെന്നുറപ്പ് വരുത്തി രാവിലെ വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിയ ഹാജിയാര്‍ ആകെ തളര്‍ന്നു. തന്‍റെ വോട്ടു ആരോ ചെയ്തിരിക്കുന്നു. അപമാനവും ദേഷ്യവും കാരണം ഹാജിയാര്‍ക്ക് ഹാലിളകി. പോളിംഗ് സ്റ്റേഷന്‍റെ വാതില്‍ നിറഞ്ഞു നിന്ന ഹാജിയാരെ അനുനയിപ്പിച്ചു പുറത്താക്കാന്‍ ഉദ്ധ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴാണ്‌ ഒന്നുമറിയാതെ പോലെ മൂലക്കിരിക്കുന്ന ബൂത്ത്‌ ഏജന്റായ മകനെ ഹാജിയാര്‍ കണ്ടത്. "ഫ്ഭ നായെ... തന്തക്കിട്ടാണോ അന്റെ പണി," എന്നും പറഞ്ഞു അവന്‍റെ മുഖത്തിനിട്ടൊന്നു പൊട്ടിച്ചു, കൂടെ "പൊരേലോട്ടു ബാ.കാണിച്ചു തരാം ഞാന്‍" എന്നൊരു ഭീഷണിയും.

എന്തായാലും പോയത് പോയി. ടെണ്ടര്‍ വോട്ട് ചെയ്തു ഹാജിയാര്‍ പുറത്തിറങ്ങി. തന്‍റെ ഒരു വോട്ടു പോയാലും സാരമില്ല. അണ്ണന്മാരുടെ അമ്പതു കിട്ടിയാല്‍ തന്നെ രക്ഷപ്പെടും. അവരെ നാല്മണി സമയത്ത് ഇറക്കിയാല്‍ മതിയെന്ന് ശിങ്കിടികളെ ശട്ടംകെട്ടി ഹാജിയാര്‍ വീട്ടിലേക്ക് പോയി.

നാല് മണിക്ക് അണ്ണന്മാരുടെ 'ഉറച്ച' വോട്ടുകളെ ബൂത്തിലെത്തിക്കാന്‍ ലോഡ്ജിലെത്തിയ ഹാജിയാരുടെ ആളുകള്‍ കണ്ടത് ഉറക്കാത്ത ചുവടുകളും പിഴക്കുന്ന നാക്കുമായി വാളുവെക്കുന്ന  അണ്ണന്മാരെയാണ്. വോട്ടു ചെയ്യാന്‍ പോയിട്ട് നേരെ നില്‍ക്കാന്‍ പോലും ശേഷിയില്ലായിരുന്നു അവറ്റകള്‍ക്ക്.

എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്ത ഹാജിയാര്‍ പക്ഷെ ഇങ്ങിനൊരു ചതി പ്രതീക്ഷിച്ചിരുന്നില്ല. അണ്ണന്മാരുടെ വീക്നെസ് ശെരിക്കും അറിയാമായിരുന്ന എതിര്‍സ്ഥാനാര്‍ഥികളുടെ ആള്‍ക്കാര്‍ രഹസ്യമായി അണ്ണന്മാരെ സല്‍ക്കരിച്ചു. മുല്ലപ്പെരിയാറിന്‍റെ പേരില്‍ മലയാളികളോടുള്ള വൈരമെല്ലാം മറന്ന തമിഴ്മക്കള്‍ മലയാളിയുടെ സ്നേഹം നിറഞ്ഞ സല്‍ക്കാരം  സ്വീകരിച്ചു!!!

അങ്ങിനെ ഇരുന്നൂറിലധികം വോട്ടുകള്‍ക്ക് ഹാജിയാര്‍ പൊട്ടി. പിന്നീടൊരിക്കലും ഹാജിയാര്‍ ഇലക്ഷനില്‍ മത്സരിച്ചിട്ടില്ല. എന്നാല്‍ ആ മഹാദുരന്തത്തിന്‍റെ പ്രേതം ഇന്നും ഹാജിയാരെ വിട്ടൊഴിയുന്നില്ല... അതുവരെ നാട്ടുകാര്‍ക്കെല്ലാം അയാള്‍ ജബ്ബാര്‍ ഹാജിയായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം 'ചെണ്ട ജബ്ബാര്‍ ഹാജി'യായി.

ആന്‍റി ക്ലൈമാക്സ്‌
ഇത്രയും ആണ് കഥ. പക്ഷെ ഇതിനോടനുബന്ധിച്ചു പല അനുബന്ധകഥകളും ഹാജിയാരുടെ പേരില്‍ നാട്ടില്‍ അടിച്ചിറക്കി. 'ജബ്ബാര്‍ഹാജി ഇലക്ഷനില്‍ തോറ്റപോലെ' എന്നൊരു പ്രയോഗം പോലും നാട്ടിലുണ്ടായി. അതിലൊരു കഥ ഇങ്ങിനെ.

ഇലക്ഷനില്‍ അന്തസായി തോറ്റ ഹാജിയാര്‍ക്ക് കിട്ടിയത് ഒരേ ഒരു വോട്ട്. ഹാജിയാരുടെ വോട്ട് മറ്റാരോ ചെയ്തത് കാരണം ആ ഒരു വോട്ട് ആരുടെതെന്നായിരുന്നു വലിയ ചര്‍ച്ചാവിഷയം. പക്ഷെ അത് തന്‍റെ ഭാര്യയുടെതാണെന്ന കാര്യത്തില്‍ ഹാജിയാര്‍ക്ക് സംശയമൊന്നുമില്ലായിരുന്നു. തന്‍റെ ഭാര്യയെങ്കിലും തന്നെ കൈവെടിയാതിരുന്നല്ലോയെന്ന ആശ്വാസമായി രുന്നു അദേഹത്തിന്.

വോട്ടെണ്ണല്‍  കഴിഞ്ഞ രാത്രി ഉറക്കം കിട്ടാതെ കിടക്കപായയില്‍ ഞെരിപിരി കൊണ്ട കെട്ടിയോള്‍ കുഞ്ഞീബിയെ ഹാജിയാര്‍ ആശ്വസിപ്പിച്ചു. അതൊന്നും പക്ഷെ കുഞ്ഞീബിയുടെ കാറും കോളും നിറഞ്ഞ മനസ്സിനെ ശാന്തമാക്കിയില്ല. തന്‍റെ മനസ്സിനെ നിയന്ത്രിക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും അവസാനം കുഞ്ഞീബിക്ക് നിയന്ത്രണംവിട്ടു. "സത്യം പറ മനുഷ്യാ... ഏതാ ങ്ങക്ക്  കിട്ടിയാ ആ ഒറ്റവോട്ട്??  ങ്ങള്‍ടെ മറ്റോളതല്ലേ അത്?"

4 comments:

  1. അതേയ്... എന്താ ആരും ഒന്നും പറയാത്തത്???? ഇതില്‍ നൂറു കമന്റ്‌ കിട്ടിയിട്ടേ ഞാന്‍ അടുത്തത് എഴുതൂ എന്ന് വിജാരിചിരിക്കുവാ... അത്രയും കമന്റ്‌ വേറെ id ഉണ്ടാക്കി ഇടാനൊന്നും എന്നെക്കൊണ്ട് വയ്യേ... അതോണ്ട് മര്യാദക്ക് വായിച്ചു കമന്റ്‌ ഇടുന്നതാ നല്ലത്... (നിങ്ങള്‍ക്കല്ല, എനിക്ക്)

    ReplyDelete
  2. നാടോടി,

    എഴുത്ത് അസ്സലായിട്ടുണ്ട്. നന്നായി ആസ്വദിച്ചു. ഇനിയും കുലുങ്ങിച്ചിരിപ്പിക്കാന്‍ വിഭവങ്ങള്‍ വരട്ടെ.....

    :)

    ReplyDelete
  3. ORU MARKIST PARTY ANUBHAVI ANNALLE....!

    KOCHU KALLA ARKKUM MANASILAVILLANNU VIJARICHO?

    ReplyDelete

 

blogger templates | Make Money Online